ന്യൂഡൽഹി: സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അക്ഷത് ത്രിപാഠി. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരം ബോധപൂർവം അപകീർത്തിപ്പെടുത്താനും സർവകലാശാലാ വിദ്യാർത്ഥികളെ സർക്കാരിനെതിരെ പ്രകോപിപ്പിച്ചു എന്ന തെറ്റായ ആരോപണം ഉന്നയിച്ച് അഞ്ചുലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അയച്ച നോട്ടീസ് വലിയ വിവാദങ്ങൾക്കൊടുവിൽ അധികൃതർ പിൻവലിച്ചിരുന്നു.
എന്നാൽ തനിക്കെതിരെ നോട്ടീസ് അയക്കാൻ ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അക്ഷത് ത്രിപാഠി സുപ്രീം കോടതിയെ സമീപിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത തന്റെ മേൽ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും നിരർത്ഥകവുമാണെന്ന് അക്ഷത് ത്രിപാഠി വ്യക്തമാക്കി. സർവകലാശാലയിൽ അവധി പ്രഖ്യാപിച്ചിരുന്ന സമയത്താണ് ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും മെയ് 25-ന് ശേഷം താൻ കാമ്പസിൽ പോയിട്ടില്ലെന്നും അലഹാബാദ് ഹൈക്കോടതിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന കാലയളവിലാണ് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി പോലീസ് അയച്ച റിപ്പോർട്ടിന്റെ പേരിൽ നോട്ടീസ് നൽകുകയും പിന്നീട് പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കുകയും ചെയ്തെങ്കിലും ഇതിനുപിന്നിലെ ഉദ്യോഗസ്ഥ അജണ്ടകൾ തുറന്നുകാട്ടാൻ അവസാനം വരെ പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ അടിച്ചമർത്തുന്ന പോലീസിന്റെയും ഭരണകൂടത്തിന്റെയും ഏകപക്ഷീയമായ നീക്കത്തിനെതിരെ എസ്.എഫ്.ഐയും മറ്റു വിദ്യാർത്ഥി സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെ വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എങ്ങനെ ഇത്തരമൊരു നോട്ടീസ് അയച്ചുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചും ചോദ്യം ചെയ്തിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും ന്യായമായ അവകാശങ്ങളും കാറ്റിൽപ്പറത്തി നോട്ടീസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമർപ്പിച്ച ഹരജിയിൽ അക്ഷത് ത്രിപാഠി ആവശ്യപ്പെട്ടു.



