കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികളെ വിമർശിച്ച മുൻ മന്ത്രിയും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. തൊണ്ടിമുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സഹതാപം കിട്ടാൻ വേണ്ടി കരയുന്നതുപോലെയാണ് റിയാസിന്റെ പ്രതികരണം കേട്ടപ്പോൾ തോന്നിയതെന്ന് മാത്യു കുഴൽനാടൻ പരിഹസിച്ചു. വീണ ഒരു സേവനവും നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി കരിമണൽ കർത്തയും ഉദ്യോഗസ്ഥരും നൽകിയ മൊഴിപ്പകർപ്പ് റിയാസിന് നൽകാൻ തയ്യാറാണെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാസിന്റെ ഭാര്യ ടി. വീണ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടോ എന്നും വിദേശത്തേക്ക് പണമയച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്തെത്തിയിരുന്നു. കോഴിക്കോട്ട് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. നിർദ്ദിഷ്ട സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ട് സേവനം നൽകിയതിനാണ് വീണ പണം കൈപ്പറ്റിയതെന്നും കൃത്യമായി ടാക്‌സും ജി.എസ്.ടിയും അടച്ച് അക്കൗണ്ടിലൂടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായ ഈ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന് തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹസൻ വാരിസിനോട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ ഇ.ഡി ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും റിയാസ് ആരോപിച്ചു.
കേസിൽ വീണ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിന്, പ്രതികരിക്കാനുള്ള അവകാശം പോലെത്തന്നെ പ്രതികരിക്കാതിരിക്കാനും പൗരന് അവകാശമുണ്ടെന്ന് റിയാസ് മറുപടി നൽകി. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ഇറച്ചി കടിച്ചുതിന്നുന്ന അനുഭവമാണ് ഉണ്ടാക്കുന്നതെങ്കിലും ഭയന്നു പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്തതിനാൽ ഇ.ഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സത്യം ജയിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.



