റിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പ്രധാന ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈനിന് നേരെ ഒന്നിലധികം ആക്രമണങ്ങൾ നടന്നതായി രാജ്യത്തെ ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് സുരക്ഷാ ആശങ്കയുയർത്തിയ ഈ ആക്രമണങ്ങൾ ഉണ്ടായത്. ഇതിനെത്തുടർന്ന് സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്ലൈനിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ആക്രമണത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും ഊർജ്ജ മന്ത്രാലയ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ഉടൻതന്നെ അടിയന്തര പ്രതികരണ സേനയും വിദഗ്ധ സാങ്കേതിക സംഘവും എത്തിച്ചേരുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
അംഗീകൃത അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം മറ്റു ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി പൈപ്പ്ലൈനിന്റെ സുരക്ഷ പൂർണ്ണമായി ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യഥാസമയം ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.



