സംസ്ഥാനത്ത് ഐ.എ.എസ് അഴിച്ചുപണി: 33 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവീസ് ഭരണതലത്തിൽ വൻ അഴിച്ചുപണി. 33 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും നിയമനം കാത്തിരുന്ന മൂന്ന് പേർക്ക് പുതിയ ചുമതലകൾ നൽകിയും സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, വയനാട്, കാസർകോട്, തൃശൂർ ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ കളക്ടർതല മാറ്റങ്ങളും ഐ.ടി, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളിൽ ഉന്നത തലത്തിലുള്ള പുനഃസംഘടനയുമാണ് നടന്നിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ്ങിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായും വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയനെ പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഒ.എസ്.ഡിയായും സ്ഥലംമാറ്റി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷണൽ ഹെൽത്ത് മിഷൻ (NHM) സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എം.ഡി എന്നീ തസ്തികകളുടെ പൂർണ്ണ അധിക ചുമതല നൽകി.

കെ.എസ്. അഞ്ജുവിനെ തിരുവനന്തപുരം ജില്ലാ കളക്ടറായും (വിഴിഞ്ഞം പുനരധിവാസ മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സൺ ചുമതലയോടെ), വി. ചെൽസ സിനിയെ വയനാട് ജില്ലാ കളക്ടറായും, ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീധന്യ സുരേഷിനെ കാസർകോട് ജില്ലാ കളക്ടറായും നിയമിച്ചു. തിരുവനന്തപുരം കളക്ടറായിരുന്ന അനുകുമാരിയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായും കാസർകോട് കളക്ടർ അർജുൻ പാണ്ഡ്യനെ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായും മാറ്റി നിയമിച്ചു. തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് ‘കില’ (KILA) ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകി.

മറ്റ് പ്രധാന മാറ്റങ്ങളിൽ സാബിൻ സമീദ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (I&PRD) ഡയറക്ടറാകും. അനു എസ്. നായരാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ. സച്ചിൻ കുമാർ യാദവ് സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടറാകുമ്പോൾ ഐ.ടി മിഷൻ ഡയറക്ടറായിരുന്ന സന്ദീപ് കുമാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാകും. നിയമനം കാത്തിരുന്ന ദിലീപ് കെ. കൈനിക്കരയെ 2026-2027 മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിലേക്ക് ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി (ADM) നിയമിച്ചു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഏകോപന ചുമതല ഇദ്ദേഹത്തിനായിരിക്കും.

Related Articles

- Advertisement -spot_img

Latest Articles