റിയാദ്: മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശിയായ യുവാവിനെ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അച്ചക്കോട്ടിൽ റെജി – ശാന്തി ദമ്പതികളുടെ മകനായ അനന്തു (24) ആണ് മരിച്ചത്. അവിവാഹിതനാണ്.
ഏഴ് മാസം മുമ്പാണ് അനന്തു ജോലി ആവശ്യത്തിനായി സൗദി അറേബ്യയിൽ എത്തിയത്. ദിരിയ്യയിലെ ഒരു ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ഏകോപിപ്പിക്കുന്നത്. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, ഭാരവാഹികളായ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദു റഹ്മാൻ ചേലേമ്പ്ര എന്നിവരും അനന്തുവിന്റെ ബന്ധു ഷിബുവും ചേർന്ന് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.



