ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സൈഫുദ്ധീൻ വാഴയിൽ (നിലമ്പൂർ) തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ആരോഗ്യപരമായ കാരണങ്ങളാൽ നാട്ടിൽ തുടരുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. ജില്ലാ കമ്മറ്റിയുടെ സമ്പൂർണ്ണ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് സൈഫുദ്ധീൻ വാഴയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ,സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനോടൊപ്പം ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും സൈഫുദ്ധീൻ വാഴയിൽ പറഞ്ഞു.
ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സ്പോർട്സ് രംഗത്തെ സജീവ സാന്നിധ്യവും മികച്ച സംഘാടകനും നിലവിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി നിർവ്വാഹക സമിതി അംഗവുമാണ് അദ്ദേഹം. മുൻ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും അദ്ദേഹത്തിന് ആരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്തു. പ്രവർത്തകർ ഹാരാർപ്പണം നടത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.



