റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും പ്രമുഖ ആത്മീയ നേതാവുമായിരുന്ന അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർത്ഥനാ സംഗമവും റിയാദ് ഐ.സി.എഫ് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദാഈ ഷാഹിദ് അഹ്സനി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
പ്രശസ്തമായ അഹ്ലുബൈത്ത് പരമ്പരയിലെ കണ്ണിയും ഉന്നത പാണ്ഡിത്യവും സമ്മേളിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങളെന്ന് ഷാഹിദ് അഹ്സനി അനുസ്മരിച്ചു. ആറു പതിറ്റാണ്ടിലേറെ കേരളത്തിലെ മത-സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും ശാരീരിക അവശതകൾ വകവെക്കാതെ നിരന്തര യാത്രകളിലൂടെ വിശ്വാസികളുമായി ഉറ്റബന്ധം പുലർത്താൻ തങ്ങൾ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അബ്ദുൽ റഷീദ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇബ്രാഹിം കരീം, അബ്ദുൽ റഹ്മാൻ സഖാഫി, മജീദ് താനാളൂർ എന്നിവർ സംസാരിച്ചു.



