ദേശീയപാതയിൽ വൻ റേഷൻ അരിക്കടത്ത്: 240 ചാക്ക് തമിഴ്‌നാട് റേഷൻ അരി കഴക്കൂട്ടത്ത് പിടികൂടി

തിരുവനന്തപുരം: ദേശീയപാത വഴി ലോറിയിൽ കടത്താൻ ശ്രമിച്ച അനധികൃത റേഷൻ അരി കഴക്കൂട്ടം പോലീസ് പിടികൂടി. പാറശാല സ്വദേശിയുടെ പേരിലെത്തിയ അരി ലോഡാണ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് തടഞ്ഞുവെച്ച് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള റേഷൻ അരിയാണിതെന്ന് സിവിൽ സപ്ലൈസ് അധികൃതർ സ്ഥിരീകരിച്ചു.

‘ആഷിയ ട്രേഡിംഗ് കമ്പനി’യുടെ പേരിലുള്ള അരി ‘ഷഹബാസ്’ എന്ന് പേരുള്ള ലോറിയിൽ എറണാകുളത്തെ കാലടിയിലുള്ള അരിമില്ലിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. 240 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ക്വാളിറ്റി കൺട്രോളർ സാമ്പിളുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.

സംഭവത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ശക്തമായി പ്രതികരിച്ചു. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരിക്കടത്ത് തടയാൻ പരിശോധനകൾ കടുപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ഇതിനായി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലെ പരിശോധന ശക്തമാക്കാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരിക്കടത്ത് തടയുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles