മേഖലയിൽ സമാധാനം ഉറപ്പാക്കാൻ രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണം: ഖത്തർ പ്രധാനമന്ത്രി

ന്യുയോർക്ക്: മധ്യപൂർവേഷ്യൻ മേഖലയിൽ ദീർഘകാല സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിക്കപ്പെടണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ സംഘടിപ്പിച്ച ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നതും രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നതുമായ കൃത്യമായ ഒരു പ്രാദേശിക ചട്ടക്കൂട് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ നിലനിൽപ്പിനോ ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകരുത്. പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ പ്രതിസന്ധികളെയും സംഘർഷങ്ങളെയും ഒരു “ഭൂകമ്പത്തോട്” ഉപമിച്ച പ്രധാനമന്ത്രി, ഇത്തരം വലിയ അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും തന്ത്രപരമായ നീക്കങ്ങളിലൂടെ ഖത്തർ വിജയകരമായി പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യം നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള മുൻകരുതലുകൾ കാരണം വിതരണ ശൃംഖലയിലുണ്ടായ (Supply Chain) തടസ്സങ്ങളെ കാര്യക്ഷമമായി അതിജീവിക്കാൻ ഖത്തറിന് സാധിച്ചിട്ടുണ്ട്. സമുദ്ര മേഖലയിലെ കപ്പൽ ഗതാഗത തടസ്സങ്ങളും സപ്ലൈ ചെയിൻ പ്രതിസന്ധികളും പരിഹരിക്കാൻ അടിയന്തരമായി പുതിയ ഷിപ്പിങ് റൂട്ടുകൾ ആരംഭിക്കാൻ രാജ്യത്തിനായി. വൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ബാങ്കിങ്, ധനകാര്യ സംവിധാനങ്ങൾ യാതൊരുവിധ തടസ്സവുമില്ലാതെ സുഗമമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കൂടുതൽ വേഗം നൽകുന്നതിനൊപ്പം, ചരിത്രപരമായ നോർത്ത് ഫീൽഡ് വാതക വികസന പദ്ധതി വഴി ആഗോള ഊർജ വിപണിയിലെ ഖത്തറിന്റെ മുൻനിര സ്ഥാനം വരുംവർഷങ്ങളിൽ കൂടുതൽ ഭദ്രമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles