ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കൂറ്റൻ പ്രതിഷേധം; പ്രക്ഷോഭം സംഘർഷഭരിതം, ജനനേതാക്കളും വിദ്യാർത്ഥികളും കസ്റ്റഡിയിൽ

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. ഇടത് വിദ്യാർത്ഥി പ്രസ്ഥാനമായ ഐസ (AISA), ആം ആദ്മി പാർട്ടി (AAP), ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ, എ.എസ്.എ.പി (ASAP) എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിൽ നിന്നും ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചാണ് വലിയ തെരുവ് യുദ്ധത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതാണ് ജന്തർ മന്തറിൽ സ്ഥിതിഗതികൾ വഷളാക്കിയത്.

വൈകീട്ട് അഞ്ച മണിയോടെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതിഷേധക്കാരെ ബസിൽ കൊണ്ടുപോയപ്പോൾ നേഹയെ വനിതാ പോലീസില്ലാതെ രജിസ്‌ട്രേഷനില്ലാത്ത സ്വകാര്യ കാറിലാണ് കൊണ്ടുപോയതെന്നും, കാറിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ലെന്നും ഐസ ആരോപിച്ചു. ഇതിനിടെ, പോലീസ് ബസിനെ പിന്തുടർന്ന് ഷാങ്ഗ്രി-ലാ റൗണ്ട് എബൗട്ടിൽ തടഞ്ഞുനിർത്തിയ പ്രതിഷേധക്കാർ ബസിന്റെ ചില്ല് തകർത്ത് കസ്റ്റഡിയിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും മോചിപ്പിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്ത എ.എ.പി ഡൽഹി പ്രസിഡന്റ് സൗരഭ് ഭാരദ്വാജിനെ പോലീസ് ക്രൂരമായി പന്തെറിയുന്നതുപോലെ എറിഞ്ഞാണ് കസ്റ്റഡിയിലെടുത്തതെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. സൗരഭിനെ കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതാണെന്നും മോദി ഹിറ്റ്‌ലറെപ്പോലും കടത്തിവെട്ടി ഭരിക്കുകയാണെന്നും എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

ഇതിനുപുറമെ, ജന്തർ മന്തറിലെ കവറേജിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലൈംഗികാതിക്രമത്തിൽ എഫ്.ഐ.ആർ ഇടണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി (CJP) നേതാവ് സൗരവ് ദാസ്, സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ എന്നിവരുടെ നേതൃത്വത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തകരും ഇൻഫ്ലുവൻസർമാരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വിഷയം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചെങ്കിലും മാധ്യമപ്രവർത്തകയെയും ഐസ നേതാവിനെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസിന്റെ നടപടി ഭീരുത്വമാണെന്ന് സംഘടനകൾ വിമർശിച്ചു.

വോട്ടർപട്ടികാ പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ ഉയർത്തിയ എതിർപ്പ് പുറത്തുവന്നതാണ് ജനരോഷത്തിന് ഇടയാക്കിയത്. സമരം അടിച്ചമർത്താൻ അയ്യായിരത്തോളം പോലീസുകാരെയും ആർ.എ.എഫ് (RAF) ഉൾപ്പെടെയുള്ള അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ച് ടോൾസ്റ്റോയ് മാർഗ്, ജൻപഥ്, സൻസദ് മാർഗ്, കേരള ഭവൻ എന്നിവടങ്ങളിൽ ശക്തമായ ബാരിക്കേഡുകൾ തീർക്കുകയും ഡ്രോണുകളും സി.സി.ടി.വികളും ഉപയോഗിച്ച് കനത്ത നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles