റിയാദ്: പ്രവാസലോകത്തെ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് സജീവ സാന്നിധ്യമായ ഐ സി എഫ് ‘ഗ്ലാഡ് എഡ്യൂക്കേഷൻ’ പദ്ധതിക്ക് കീഴിലെ വിവിധ ട്രെയിനിങ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള കോൺവൊക്കേഷൻ സംഗമം പ്രൗഢമായി സംഘടിപ്പിച്ചു. കോഴിക്കോട് മർകസ് ഐ ടി ഐയുമായി സഹകരിച്ച് പ്രവാസികൾക്കായി നടപ്പിലാക്കിയ നാല് സാങ്കേതിക കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണമാണ് ഓൺലൈനായി നടന്ന പ്രത്യേക ചടങ്ങിൽ നിർവഹിച്ചത്.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവാസികളുടെ തൊഴിൽ നൈപുണ്യവും സാങ്കേതിക പരിജ്ഞാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം വിജ്ഞാന പദ്ധതികൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ സി-ഡിറ്റ് ആൻഡ് അക്ഷയ ഡയറക്ടർ ഡോ. എം അബ്ദുൽ റഹ്മാൻ, മർകസ് ഐ ടി ഐ പ്രിൻസിപ്പൽ മുഹമ്മദ് അലി, നിസാർ സഖാഫി, അക്ബർ ബാദുഷ സഖാഫി, ശരീഫ് കാരശ്ശേരി, ഉസ്മാൻ സഖാഫി തിരുവത്ര എന്നിവർ സംസാരിച്ചു. ഹമീദ് പരപ്പ സ്വാഗതവും ഫാറൂഖ് കവ്വായി നന്ദിയും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സംഘടനാ ഭാരവാഹികളും സംഗമത്തിൽ സന്നിഹിതരായിരുന്നു.
വരും ദിവസങ്ങളിൽ പ്രവാസലോകത്തെ യുവതലമുറയ്ക്കും ഉദ്യോഗാർഥികൾക്കും അനുയോജ്യമായ കൂടുതൽ നവീന തൊഴിലധിഷ്ഠിത കോഴ്സുകൾ ഗ്ലാഡ് എഡ്യൂക്കേഷൻ വിപുലമായി അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



