വോട്ടവകാശം സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഒ.ഐ.സി.സി ഐക്യദാർഢ്യം; നേതാക്കളുടെ കസ്റ്റഡിയിൽ പ്രതിഷേധം

ദമ്മാം: രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശവും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പോരാട്ടത്തിന് ഒ.ഐ.സി.സി (OICC) ഈസ്റ്റേൺ പ്രോവിൻസ് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പ്രതിപക്ഷം ഉയർന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ആവശ്യപ്പെട്ടും ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഉയർന്ന ജനരോഷത്തിന് പ്രവാസി സമൂഹം ഒപ്പമുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് ക്രൂരമായി തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയെ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് ശക്തമായി അപലപിച്ചു. ജനങ്ങളുടെ വോട്ടാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്തെന്നും, ആ വോട്ടിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കുന്ന സംശയങ്ങൾക്ക് സുതാര്യമായ മറുപടി നൽകുന്നതിന് പകരം, പ്രക്ഷോഭകരെ അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി രാഹുൽ ഗാന്ധി ഉയർത്തുന്ന ശബ്ദം ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ആശങ്കകളുടെ പ്രതിഫലനമാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതുകൊണ്ട് ഈ ജനകീയ സമരത്തെ ഭയപ്പെടുത്തി അവസാനിപ്പിക്കാൻ ഭരണകൂടത്തിന് സാധിക്കില്ല. നാടിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ പോരാട്ടങ്ങൾക്കും പ്രവാസി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലിം, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, പ്രോവിൻസ് സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രോവിൻസ് ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles