ഡൽഹിയിൽ സീമാപൂരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപൂരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെയാണ് പ്രദേശത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന നിരവധിയാളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. വിവരമറിഞ്ഞ് ഡൽഹി പോലീസും ഫയർഫോഴ്‌സ് വിഭാഗവും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ഈദ്ഗാഹ് മച്ഛലി മണ്ഡിക്ക് സമീപമുള്ള ജനവാസ മേഖലയിലാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നുവീണതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ടെൻഡറുകളും ദുരന്തനിവാരണ സേനയും ചേർന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കി ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആംബുലൻസുകൾക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനായി സീമാപൂർ ഗോൾ ചക്കർ, ഡി.എൽ.എഫ് ഭോപുര റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

ഡൽഹി സത്യ നികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഏഴുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിന്റെ നടുക്കം മാറുന്നതിന് തൊട്ടുപിന്നാലെയാണ് തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തി വീണ്ടുമൊരു കെട്ടിട ദുരന്തമുണ്ടാകുന്നത്. സെപ്റ്റംബർ ആറിനായിരുന്നു സത്യ നികേതനിൽ ദുരന്തമുണ്ടായത്. പഴക്കമേറിയ കെട്ടിടങ്ങൾ സുരക്ഷിതമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്കെതിരെ ജനരോഷം ശക്തമാകുകയാണ്.

Related Articles

- Advertisement -spot_img

Latest Articles