കെ.എസ്.ആർ.ടി.സി: കാർഗോ സർവീസിന് തുടക്കം; ആദ്യ സർവീസിൽ ഒരു ടൺ മൊബൈൽ ഫോണുകൾ ആലുവയിലേക്ക്

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ കാർഗോ ലോജിസ്റ്റിക്സ് സർവീസിന് ഗംഭീര തുടക്കം. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാന മാർഗ്ഗം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകൾ, കെ.എസ്.ആർ.ടി.സി വാടകയ്ക്കെടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചുകൊണ്ടാണ് ആദ്യ സർവീസിന് തുടക്കമിട്ടത്. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഈ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ തന്ത്രപ്രധാനമായ ചുവടുവെപ്പാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ അഞ്ച് വാടക ട്രക്കുകൾ (വെറ്റ് ലീസ്) ഉപയോഗിച്ചാണ് സർവീസ് ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തി നൂറിലധികം ട്രക്കുകളുള്ള വലിയൊരു ലോജിസ്റ്റിക്സ് ഫ്ലീറ്റായി കെ.എസ്.ആർ.ടി.സിയെ മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ മറ്റ് വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ മാതൃകകൾ വിശദമായി പഠിച്ച ശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്. ഈ സംരംഭത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സ്, കാർഗോ കാർട്ട് ലോജിസ്റ്റിക്സ് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് കെ.എസ്.ആർ.ടി.സി ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു, കാർഗോ കാർട്ട് ഓപ്പറേഷൻസ് തലവൻമാരായ ജയലാൽ ജെയ്.ബി, വിജയലാൽ ജെയ്.ബി, സ്കോർപ്പിയോൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർമാരായ ഡി. വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്ട്രക്ചർ ഹെഡ് കെ.എസ്. ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മിതമായ നിരക്കിൽ ലഭ്യമാകുന്ന കെ.എസ്.ആർ.ടി.സി കാർഗോ സേവന ബുക്കിംഗുകൾക്കായി 99957 07131 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles