റിയാദ്: യെമനിലെ ഹൂതി പ്രസ്ഥാനത്തിനെതിരെയുള്ള സൗദി സഖ്യസേനയുടെ സൈനിക നീക്കങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിൽ വൻ സംഘർഷാവസ്ഥ നിലനിൽക്കുന്നു. സൗദി അറേബ്യയെ പിന്തുണയ്ക്കാൻ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ സഖ്യസേനയ്ക്കൊപ്പം വ്യോമാക്രമണത്തിൽ പങ്കാളികളാകുന്നുവെന്ന ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പാകിസ്ഥാൻ വാർത്താവിതരണ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. വാർത്തകൾ തീർത്തും തെറ്റാണെന്നും, കരസേനയെ അയക്കാതെ വ്യോമ പ്രതിരോധ പിന്തുണ ഉറപ്പാക്കാനാണ് പാകിസ്ഥാൻ കരാറുകളുടെ ഭാഗമായി പ്രവർത്തിക്കുന്നതെന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തനാക്കി. അതേസമയം, സൗദിയുടെ പ്രതിരോധ നീക്കങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ‘മക്ക പ്രതിരോധ സഖ്യ’ത്തിന്റെ സൈനിക സമിതികൾ പഠനം നടത്തിവരികയാണെന്ന് അങ്കാറയിൽ ഹംഗേറിയൻ വിദേശകാര്യ മന്ത്രി അനിത ഓർബനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
ഇതിനിടെ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹൂതികൾ. തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യമാക്കി നിരവധി തവണ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. നഗരത്തിൽ തുടർച്ചയായി വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തെ ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുകയും 169 ഡിപ്പാർച്ചർ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രമുഖ വിദേശ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.



