കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലെ സർവീസുകളാണ് സുരക്ഷ മുൻനിർത്തി റദ്ദാക്കിയിട്ടുള്ളത്. എയർഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയുടെ രണ്ട് വീതം സർവീസുകളും ഫ്ലൈനാസ്, ഇൻഡിഗോ എന്നിവയുടെ ഓരോ സർവീസുമാണ് ഇതിൽ ഉൾപ്പെടുന്നത്. റിയാദ്, ജിദ്ദ, ദോഹ, റാസൽഖൈമ തുടങ്ങിയ പ്രധാന ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് ബാധിച്ചിട്ടുള്ളത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ പ്രധാന സർവീസുകൾ:
ഒക്ടോബർ 11: ഫ്ലൈനാസിന്റെ കൊച്ചി-റിയാദ്-കൊച്ചി (XY 399/400), എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-ദോഹ (IX 475/476), ആകാശ എയറിന്റെ കൊച്ചി-റിയാദ് (QP 523), കൊച്ചി-ജിദ്ദ (QP 550), ഇൻഡിഗോയുടെ കൊച്ചി-റാസൽഖൈമ (6E 1517) എന്നീ സർവീസുകൾ.
ഒക്ടോബർ 12 & 13: ആകാശ എയറിന്റെ ജിദ്ദ-കൊച്ചി (QP 551), റിയാദ്-കൊച്ചി (QP 524), കൊച്ചി-റിയാദ് (QP 523) തുടങ്ങിയ സർവീസുകൾ.



