കോഴിക്കോട് റെയിൽവേ ട്രാക്കിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനിക (14), പ്ലസ് ടു വിദ്യാർത്ഥിയായ പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5:45-ഓടെയായിരുന്നു ദാരുണ സംഭവം. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്തുവെച്ച് മംഗലാപുരം – ചെന്നൈ മെയിൽ ട്രെയിൻ ഇവർക്കുമീതെ കടന്നുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാത്രി വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നോർത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ് പാർത്ഥിബ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles