ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയും സി.ജെ.പിയും ഡൽഹിയിൽ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ, തലസ്ഥാനത്തെ പ്രധാന സമരവേദിയായ ജന്തർമന്തറിൽ പ്രതിഷേധങ്ങൾക്ക് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിലക്കേർപ്പെടുത്തി. സുരക്ഷാ കാരണങ്ങളും ഗതാഗത തടസ്സങ്ങളും ചൂണ്ടിക്കാട്ടി ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം ഡൽഹിയിൽ ധർണ്ണകൾക്കും സമരങ്ങൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി ഉത്തരവിറക്കി.
പുതിയ ഉത്തരവ് പ്രകാരം രാംലീല മൈതാനം, ബുരാരി മൈതാനം, ഷാഹ്ദരയിലെ സി.ബി.ഡി മൈതാനം എന്നിവയാണ് പ്രതിഷേധങ്ങൾക്കായി ഇനി മുതൽ അനുവദിക്കുക. നിലവിലുള്ള സമരവേദികൾക്ക് പകരം അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുന്ന ഈ നിർണായക ഘട്ടത്തിൽ ജന്തർമന്തറിലെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.



