ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് ചോരി ആരോപണങ്ങളും ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മുൻ നിർദ്ദേശപ്രകാരമാണ് പ്രതിപക്ഷം ഔദ്യോഗികമായി നിയമപോരാട്ടത്തിലേക്ക് കടന്നത്. സമയം വൈകിയതിനാലും ഡൽഹിയിലുടനീളം കനത്ത പൊലീസ് ബാരിക്കേഡുകളും സുരക്ഷാ നിയന്ത്രണങ്ങളും നിലനിന്നിരുന്നതിനാലും വൈകുന്നേരം 4:30-ഓടെ രാഹുൽ ഗാന്ധിക്ക് നേരിട്ട് കോടതിയിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും പ്രമുഖ അഭിഭാഷക സംഘം നേരിട്ടെത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് മുൻപിൽ ഹർജി സമർപ്പിച്ചത്.
നേരത്തെ, ഇന്ത്യാ മുന്നണി നേതാക്കളുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച ചീഫ് ജസ്റ്റിസ്, ഭരണപരമായ ഇടപെടലുകൾക്ക് പകരം വിഷയത്തിൽ ഹർജി നൽകി ഔദ്യോഗികമായി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എം.പിമാരുടെ പിന്തുണയോടെ രാഹുൽ ഗാന്ധി കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ നിഷ്പക്ഷമായ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. തെരുവിൽ വൻ ജനകീയ പ്രക്ഷോഭം തുടരുന്നതിനൊപ്പം തന്നെ സുപ്രീം കോടതിയിൽ ഔദ്യോഗികമായി ഹർജി സമർപ്പിച്ചതോടെ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം നിർണായകമായ നിയമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.



