റിയാദ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളെ തുടർന്ന് ജനങ്ങൾ ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് സഊദി അറേബ്യൻ മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി അഭ്യർത്ഥിച്ചു. സുരക്ഷാ, സൈനിക നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വിവരങ്ങളും അപരിചിതമോ വിശ്വസനീയമല്ലാത്തതോ ആയ സ്രോതസ്സുകളിൽ നിന്ന് പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ നടത്തിയ സർക്കാർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ സഊദി അറേബ്യ പൂർണ്ണ സജ്ജമാണെന്നും രാജ്യത്തെ ജീവിതം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും അൽ ദോസരി വ്യക്തമാക്കി.
ഹൂതികളെ ‘ഭീകര സംഘടന’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അന്താരാഷ്ട്ര നിയമങ്ങളെയും ധാർമ്മികതയെയും ഈ സംഘം നിരന്തരം കാറ്റിൽപ്പറത്തുകയാണെന്നും പറഞ്ഞു. ഇസ്ലാമിന്റെ രണ്ട് വിശുദ്ധ പള്ളികളെയും സാധാരണക്കാരെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന ഇവരുടെ നടപടി കൂട്ടായ ജാഗ്രതയുടെയും സന്നദ്ധതയുടെയും ആവശ്യകതയാണ് ഓർമ്മിപ്പിക്കുന്നത്. റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് 13 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഞായറാഴ്ച ടെർമിനൽ 4-ൽ അജ്ഞാത വസ്തു പതിച്ചുണ്ടായ ആക്രമണത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



