കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന തടവുകാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ലഹരിമരുന്ന് വിൽപ്പന കേസുകളിൽ റിമാൻഡിൽ കഴിയുന്ന റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ജയിൽ അധികൃതർ നടത്തിയ കർശന പരിശോധനയിലാണ് ഇവരുടെ മുറിയിലെ ഗ്ലാസിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്.

ഇരുവരും കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ജയിലിലെത്തിയത്. ആറു ദിവസം മുമ്പാണ് റോഷ്‌നി സാവിയോ ജയിലിൽ പ്രവേശിച്ചതെങ്കിൽ, റുബൈദ രണ്ട് ദിവസം മുമ്പാണ് റിമാൻഡിലായി എത്തിയത്. ഒരാഴ്ച മുമ്പ് കൂട്ടുപുഴ ചെക്‌പോസ്റ്റിൽ വെച്ച് 194 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത് റോഷ്‌നി സാവിയോ ആണെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരിട്ടി പൊലീസ് തൃശൂരിൽ വെച്ചാണ് റോഷ്‌നിയെ പിടികൂടിയത്.

റോഷ്‌നിക്ക് പുറമെ പോക്സോ കേസിലും പ്രതിയായ സാബിറ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. ന്യൂമാഹിയിൽ വാടകവീട്ടിൽ നിന്ന് 16 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയാണ് റുബൈദയെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വനിതാ ജയിലിനുള്ളിൽ തടവുകാർ ലഹരിമരുന്ന് എത്തിച്ച സംഭവം വലിയ ഗൗരവത്തോടെയാണ് അധികൃതർ പരിശോധിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles