ദമ്മാം: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിഞ്ഞുമുള്ള സർവീസുകൾ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകളാണ് ഒക്ടോബർ 17 വരെ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ https://goindigo.in/check-flight-status.html എന്ന ലിങ്ക് വഴി പരിശോധിക്കണമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പറിലും ഇമെയിലിലും യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങൾ തീർക്കാനും സഹായങ്ങൾക്കുമായി സപ്പോർട്ട് ടീം സജ്ജമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. സുരക്ഷിതമായ വിമാന സർവീസുകൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായി ആശയവിനിമയം നടത്തി വരികയാണെന്നും ഇൻഡിഗോ വ്യക്തമാക്കി.



