മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ദാരുണാന്ത്യം പ്രാപിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും കോഴിക്കോട് സ്വദേശിനിയുമായ അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിലെ നഴ്‌സുമാരായ സിജു-മോളി ദമ്പതികളുടെ മകളാണ്.
മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളായ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 18 വർഷമായി ഈ കുടുംബം ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്. പരേതയായ അലേനയുടെ സഹോദരൻ ആൽവിൻ ആസ്‌ത്രേലിയയിൽ വിദ്യാർഥിയാണ്. നിയമപരമായ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തീവ്ര ശ്രമത്തിലാണ് ബന്ധപ്പെട്ടവരും ബന്ധുക്കളും.



