ന്യൂഡൽഹി: സൗദി അറേബ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ കമ്പനികളാണ് റിയാദ് വിമാനത്താവളത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.
ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. യാത്രാ തടസ്സം നേരിട്ട യാത്രക്കാർക്ക് അധിക നിരക്കുകൾ ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടുന്നതിനോ ഉള്ള സൗകര്യം കമ്പനി നൽകുന്നുണ്ട്. എയർ ഇന്ത്യയും റിയാദ്, ദമ്മാം, ജിദ്ദ റൂട്ടുകളിലെ സർവീസുകൾ നിർത്തിവെക്കുകയും മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതിനുപുറമെ, റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇൻഡിഗോയും, റിയാദ്, ജിദ്ദ സർവീസുകൾ ആകാശ എയറും റദ്ദാക്കിയിട്ടുണ്ട്. വ്യോമപാതയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടർ സർവീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.



