ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ചതിന്റെ പേരിൽ സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. അറസ്റ്റിലായ സി.ജെ.പി നേതാക്കൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ജന്തർ മന്തറിൽ ത്രിവർണ പതാക വീശുന്നത് കുറ്റകരമായ പ്രവൃത്തിയല്ലെന്നും അതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് കടുത്ത ഭീരുത്വമാണെന്നും എക്സിൽ കുറിച്ചു.
അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. വിദ്യാർഥികളും യുവാക്കളും മാധ്യമപ്രവർത്തകരും ഇൻഡ്യ സഖ്യവും വ്യത്യസ്ത ബാനറുകൾക്ക് കീഴിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നും, അത് സ്വന്തം ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന പൗരന്മാരുടെ മുന്നേറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും നമ്മൾ അത് തിരിച്ചുപിടിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾ ശക്തമാക്കാൻ അദ്ദേഹം പ്രതിപക്ഷ കക്ഷികൾക്ക് നിർദ്ദേശം നൽകി. ഭരണഘടനാ സ്ഥാപനങ്ങൾ എന്ത് നിലപാട് സ്വീകരിച്ചാലും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരായ പ്രതിപക്ഷത്തിന്റെ പോരാട്ടം ഒരിയ്ക്കലും അവസാനിക്കില്ലെന്നും, ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ തന്നെ വീണ്ടും തെരുവിലിറങ്ങാൻ തയ്യാറായിരിക്കണമെന്നും രാഹുൽ ഗാന്ധി ഇൻഡ്യ സഖ്യത്തിലെ എം.പിമാരോടും കക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.



