സൗദിയിൽ ഹൃദയാഘാതം മൂലം മണ്ണാർക്കാട് സ്വദേശി നിര്യാതനായി

റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പാലക്കാട് മണ്ണാർക്കാട് സ്വദേശി നിര്യാതനായി. മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) ആണ് റിയാദിന് സമീപം മരണമടഞ്ഞത്. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്ററോളം അകലെ ലൈല അഫ്‌ലാജിൽ ദീർഘകാലമായി പ്രവാസിയായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ലൈല അഫ്‌ലാജിലെ ഒരു സൂപ്പർമാർക്കറ്റിൽ (ബക്കാല) ജീവനക്കാരനായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്. ഏകദേശം 20 വർഷമായി അദ്ദേഹം സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ എന്നിവർ മക്കളാണ്.

മരണവിവരമറിഞ്ഞ് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈല അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവരുടെ നേതൃത്വത്തിൽ ഉമറിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles