അമേരിക്കൻ ഭീകരക്കേസ് പ്രതിയെ തിരികെ വിടാം, ദേശീയ പതാക ഉയര്‍ത്തുന്നവരെ തുറുങ്കിലിടാം; മോദിക്കെതിരെ സി.ജെ.പി

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ഭീകരവാദ പരിശീലനം നല്‍കിയ അമേരിക്കന്‍ പൗരനെ യു.എസിലേക്ക് തിരികെ അയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന എന്‍.ഐ.എ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്‌കെ രംഗത്ത്. അദ്ദേഹം വെറും ഭീകരപ്രവര്‍ത്തനമല്ലേ നടത്തിയുള്ളൂ, അല്ലാതെ ദേശീയ പതാകയൊന്നും ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ലല്ലോ എന്നാണ് ദീപ്‌കെ പരിഹസിച്ചത്.

ഇന്ത്യയിലെത്തി അനധികൃതമായി അതിര്‍ത്തി കടന്ന് മ്യാന്‍മറിലെ ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത മാത്യു വാന്‍ഡൈകിനെയും ആറ് ഉക്രൈന്‍ സ്വദേശികളെയും 2026 മാര്‍ച്ചിലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് 2026 സെപ്തംബര്‍ 24-ന് ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഒരു മാസത്തെ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ മാത്യു വാന്‍ഡൈകിന്, കേസിന്റെ അടുത്ത വാദം കേള്‍ക്കുന്ന ഫെബ്രുവരി 24 വരെ അമേരിക്കയില്‍ തുടരുന്നതിന് എതിര്‍പ്പില്ലെന്ന് എന്‍.ഐ.എ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദീപ്‌കെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി എത്തിയത്.

‘നമ്മുടെ രാജ്യത്തിന്റെ ത്രിവര്‍ണ പതാക വീശാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ലല്ലോ. അദ്ദേഹം നമ്മുടെ പതാക ഉയര്‍ത്താനാണ് ശ്രമിച്ചിരുന്നതെങ്കില്‍ അതൊരു വലിയ ദേശീയ സുരക്ഷാ ഭീഷണിയായേനെ. പക്ഷേ, അദ്ദേഹം കുറച്ച് ഭീകരര്‍ക്ക് പരിശീലനം നല്‍കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല, അത്ര വലിയ കാര്യമല്ല!’ എന്ന് ദീപ്‌കെ എക്സിൽ കുറിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നു എന്ന ഐ.ടി.ബി.പി മേധാവിയുടെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു. ചൈനയോട് പോരാടുന്നത് പ്രയാസമാണെന്ന് സൈന്യം പറയുമ്പോള്‍, മോദി അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ മുഴുവന്‍ പിന്‍വലിച്ച് ദല്‍ഹിയില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിന്യസിച്ചാല്‍ പിന്നെ പോരാട്ടം എളുപ്പമാകില്ലേയെന്നും അദ്ദേഹം ചോദിച്ചു.

മാത്യു വാന്‍ഡൈകോ ഇന്ത്യ-ചൈന അതിര്‍ത്തിയോ സര്‍ക്കാരിന്റെ മുന്‍ഗണനയല്ലെന്നും, മറിച്ച് ദല്‍ഹിയില്‍ ആരും പ്രതിഷേധിക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുകയോ ചെയ്യരുതെന്നുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും ദീപ്‌കെ കുറ്റപ്പെടുത്തി. താനൊരു ‘ശക്തനായ നേതാവ്’ ആണെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി സമരം ചെയ്യുന്നവരെ മര്‍ദിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

ചൈനയെ നോക്കി കണ്ണുരുട്ടാന്‍ കഴിയാത്തതോ ട്രംപിന്റെ മുന്നില്‍ പതറുന്നതോ ആയ സാഹചര്യത്തില്‍, ആ പ്രതിച്ഛായ നിലനിര്‍ത്താന്‍ തെരുവുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്തര്‍ മന്തറില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചതിന് സി.ജെ.പി നേതാക്കളായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

- Advertisement -spot_img

Latest Articles