ന്യൂഡൽഹി: സമാധാനം പാലിക്കുന്നതിനായി വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ (SEM) നോട്ടീസിനെതിരെയുള്ള ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന നിർദ്ദേശം ചോദ്യം ചെയ്ത് നൽകിയ ഹർജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് നിരസിച്ചത്. ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ മജിസ്ട്രേറ്റ് ആവശ്യമായ കൃത്യത പാലിക്കണമെന്നും കേസിനാസ്പദമായ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് മണ്ഡി ഹൗസിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നിരോധനാജ്ഞ ലംഘിക്കാൻ പ്രേരിപ്പിച്ചെന്നാരോപിച്ചാണ് ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ പീസ് ബോണ്ട് സമർപ്പിക്കാൻ പോലീസ് നോട്ടീസ് അയച്ചത്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഈ നോട്ടീസെന്നും ദേശീയ പതാക ഉയർത്താൻ ഔദ്യോഗിക അനുമതി ആവശ്യമില്ലെന്നും ഹർജിക്കാരി വാദിച്ചെങ്കിലും, നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണെന്ന കേന്ദ്ര സർക്കാറിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്.



