ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ അപകടം: കാൽവഴുതി വീണ് സൈനികൻ ഒഴുക്കിൽപെട്ടു; തിരച്ചിൽ ഊർജിതം

മലപ്പുറം: ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പെരുവയൽ മുണ്ടക്കൽ സ്വദേശിയും സൈനികനുമായ സുധീഷിനെയാണ് കാണാതായത്.  മൂന്ന് ദിവസം മുൻപാണ് സുധീഷ് ലീവിന് നാട്ടിലെത്തിയത്.

പുഴയിൽ മീൻ പിടിച്ചുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി കാൽവഴുതി വെള്ളത്തിലേക്ക് വീണ യുവാവ് ശക്തമായ നീരൊഴുക്കിൽ പെട്ട് പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. അപകടവിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

പുഴയിലെ ശക്തമായ നീരൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും തിരച്ചിൽ തുടരുകയാണ്. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തുറന്ന ഷട്ടറുകൾ അടച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. എങ്കിലും പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് മാവൂർ ഫയർ ഫോഴ്സ് യൂണിറ്റ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles