ബംഗളൂരു: ധാർവാഡിനടുത്ത കരഡിഗുഡ്ഡ ഗ്രാമത്തിൽ മൂന്ന് പെൺമക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ സ്വയം ജീവനൊടുക്കി. സംഭവത്തിൽ യുവതിയും എട്ടുവയസ്സുള്ള മകളും മരണപ്പെട്ടു. കരഡിഗുഡ്ഡ സ്വദേശി സവിത മല്ലികാർജുൻ കുരഗുണ്ടു (38), മകൾ ഗാഡിഗെവ്വ കുരഗുണ്ടു (8) എന്നിവരാണ് ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മറ്റ് രണ്ട് പെൺമക്കളായ ഭാഗ്യശ്രീ (6), ഹർഷ (2) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വിവിധ സ്വയംസഹായ സംഘടനകളിൽ നിന്നും സ്വകാര്യ വായ്പാദാതാക്കളിൽ നിന്നുമായി സവിത രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ കടമെടുത്തിരുന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടക്കാൻ കഴിയാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അപമാനം ഭയപ്പെടുകയും ചെയ്തതാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



