ജോർദാനിൽ പള്ളിക്ക് നേരെ ഭീകരാക്രമണം: ഏഴ് മരണം; ക്രൂരതയ്‌ക്കെതിരെ ആഞ്ഞടിച്ച് സൗദിയും അറബ് രാജ്യങ്ങളും

അമ്മാൻ: തെക്കൻ ജോർദാനിലെ കരാക്ക് പ്രവിശ്യയിലുള്ള വിശുദ്ധ ജോർജ്ജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യയും മറ്റ് 11 അറബ് രാജ്യങ്ങളും. കമൂദ് ഗ്രാമത്തിലെ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് നേരെ കാറിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. നിർദ്ദയമായ ഈ ഭീകരപ്രവർത്തനത്തെ അതിരൂക്ഷമായി അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ജോർദാൻ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു.

സൗദി അറേബ്യക്ക് പുറമെ ഈജിപ്ത്, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഫലസ്തീൻ, ലെബനൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളും അറബ് ലീഗും അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലും ആക്രമണത്തിനെതിരെ ശക്തമായി രംഗത്തെത്തി. ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും, മതാന്തര സഹവർത്തിത്വത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഭീകരർ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നും അറബ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഫലസ്തീൻ കമ്മറ്റിയുടെ ആഹ്വാനപ്രകാരം വെള്ളി അടിയന്തര അനുശോചന കൂട്ടായ്മകളും പ്രാർത്ഥനകളും സംഘടിപ്പിച്ചു.

അതിനിടെ, കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ജോർദാൻ ആഭ്യന്തര മന്ത്രി മാസിൻ അൽ ഫറായെ അറിയിച്ചു. അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles