ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം പുലർത്തിയിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം യോഗം ചേരുന്നതിന് മുൻപുതന്നെ ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിന്റെ സമ്മതം തേടാറുണ്ടായിരുന്നുവെന്ന് കൗൾ തന്റെ ഓർമ്മക്കുറിപ്പിൽ തുറന്നടിക്കുന്നു.
ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നടത്തിയ പല ജഡ്ജി നിയമനങ്ങളിലും സർക്കാരിൽ നിന്ന് മുൻകൂർ അനുമതി തേടിയതിൽ തനിക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരിക്കൽ നിലപാടുകളിൽ പ്രതിഷേധിച്ച് കൊളീജിയം യോഗത്തിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടുമുണ്ടായിരുന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജി സ്ഥാനാർത്ഥിയുടെ ജാതിയെക്കുറിച്ച് ഒരിക്കൽ സർക്കാർ വിചിത്രമായ സംശയം ഉന്നയിച്ച സംഭവവും അദ്ദേഹം പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സർക്കാർ എപ്പോഴും ബഹുമാനിക്കുന്നത്. എന്നാൽ സ്വാഭാവികമായും കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തോട് എങ്ങനെ ഇടപെടണം എന്ന വിഷയത്തിൽ വലിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നുവെന്നും കൗൾ വ്യക്തമാക്കുന്നു.
ഈ മാസാവസാനം പുറത്തിറങ്ങാനിരിക്കുന്ന ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ (Without Fear or Favour) എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ഈ നിർണായക വെളിപ്പെടുത്തലുകളുള്ളത്. കൊളീജിയവും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും മുൻപും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു ഘട്ടത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള പരസ്യ പോരിലേക്ക് വരെ ഇത് നീണ്ടിരുന്നു. ഇതിനുപുറമെ, സർക്കാരിനെതിരായ നിർണായക കേസുകൾ കോടതി പരിഗണിക്കുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിനായക ചതുർത്ഥി പൂജയോടനുബന്ധിച്ച് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വീട് സന്ദർശിച്ചത് മുൻപ് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.



