തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അതീവ നിർണായകമായ ‘ടി’ സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. സാധാരണ ജനങ്ങളെ ഭരണകൂടത്തിന്റെ ഓഡിറ്റർമാരാക്കി മാറ്റിയ ചരിത്രപരമായ വിവരാവകാശ നിയമത്തിൽ സർക്കാർ വെള്ളം ചേർക്കുകയാണെന്ന വിമർശനം ഇതിനോടകം ശക്തമായിട്ടുണ്ട്.
നേരത്തെ, മുൻകാലങ്ങളിലും സമാനമായ രീതിയിൽ വിവാദ കേസുകൾ ഉയർന്നുവന്ന സന്ദർഭങ്ങളിൽ ആർ.ടി.ഐ നിയമത്തിലെ 24(4) വകുപ്പ് പ്രകാരം വിജ്ഞാപനങ്ങൾ ഇറക്കിയിരുന്നുവെങ്കിലും പിന്നീട് വന്ന സർക്കാരുകൾ അത് നീക്കം ചെയ്തിരുന്നു. എന്നാൽ നിലവിലെ സർക്കാർ വീണ്ടും ഇത്തരം നടപടികളിലേക്ക് തിരിച്ചുപോവുകയാണ്. ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ വലിയ ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്ന വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും മാധ്യമങ്ങളും നിരീക്ഷകരും ഉയർത്തുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന ‘അറിയാനുള്ള അവകാശം’ എന്ന മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആക്ഷേപം.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ളകൾ മറയ്ക്കാനാണ് സർക്കാർ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതിക്കാർക്ക് കുടപിടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ നടപടിക്കെതിരെ നിയമവിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. വിജിലൻസിന്റെ ടി സെക്ഷനെ ഒഴിവാക്കിയത് വിവരാവകാശ നിയമത്തെ അട്ടിമറിക്കലാണെന്ന് പ്രമുഖ അഭിഭാഷകരും മാധ്യമ നിരീക്ഷകരും പ്രതികരിച്ചു. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും എതിരെയുള്ള അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നത് ജനാധിപത്യത്തിന് ഹാനികരമാണെന്നും സർക്കാരിന് അസൗകര്യമുണ്ടാക്കുന്ന വിഷയങ്ങൾ ഇരുട്ടിൽ മൂടിവെക്കാനുള്ള ശ്രമമാണിതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ ഏജൻസികൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും മാത്രമുള്ളതാണ് വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പെന്നും, അഴിമതി അന്വേഷിക്കുന്ന വിജിലൻസിന് ഇത് ബാധകമാക്കുന്നത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു. വിഷയത്തിൽ വരുംദിവസങ്ങളിൽ വലിയ നിയമപോരാട്ടങ്ങൾ നടക്കുമെന്നാണ് സൂചന.



