കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പോലീസിന് ഗുരുതര വീഴ്ചയുണ്ടായോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തും. ജഡ്ജിയെന്നോ പോലീസെന്നോ ഉള്ള വ്യത്യാസമില്ലാതെ തെറ്റ് ചെയ്തവർക്കെതിരെ നിയമപരമായ കർശന നടപടിയുണ്ടാകുമെന്നും, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണത്തിനായി എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
പോലീസിന് വീഴ്ച സംഭവിച്ചുവെന്ന വിഷയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ തുറന്നുസമ്മതിച്ചിരുന്നു. പോലീസ് കാണിച്ച തെറ്റിനെ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വ്യക്തമാക്കിയ മന്ത്രി, സർക്കാറിന് ഇതിൽ ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി പി. വിജയൻ ചേരാനല്ലൂർ സ്റ്റേഷനിലെത്തി പരിശോധന നടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പ്രതിയായ പതിനേഴുകാരന്റെയും പിതാവായ ജഡ്ജിയുടെയും അമ്മയുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ശക്തമായ ആവശ്യപ്രകാരം പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള അടിയന്തര നടപടികളും പോലീസ് സ്വീകരിച്ചുവരികയാണ്.



