കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചേരാനല്ലൂർ എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ രാംകുമാർ, ഗ്രേഡ് എസ്.ഐ മനോജ്, ഗ്രേഡ് എ.എസ്.ഐ അരുൺ എന്നിവർക്കെതിരെയാണ് നടപടി. സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. അപകട വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചുമത്താതെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചേർത്തതെന്ന് മനസ്സിലായി. ജഡ്ജിയുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിക്കാൻ എ.ഡി.ജി.പി പി. വിജയന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക, അഡീഷണൽ ജില്ലാ ജഡ്ജിയായ പിതാവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജയബാലകൃഷ്ണന്റെ കുടുംബം ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ജയബാലകൃഷ്ണന്റെ മകൾ നിരാഹാര സമരവും ആരംഭിച്ചു. പോലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി സമ്മതിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകുമെന്നും കൃത്യമായ നടപടികൾ ഉണ്ടാകുമെന്നും ഉറപ്പുനൽകിയതിനെ തുടർന്ന് രാത്രി ഒമ്പത് മണിയോടെ കുടുംബം സമരം താൽക്കാലികമായി അവസാനിപ്പിച്ചു.



