മോസ്‌കോ ഉച്ചകോടിക്കിടെ ഖത്തർ അമീറും ഇറാൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; ഊർജ്ജ-നയതന്ത്ര സഹകരണം ശക്തമാക്കാൻ ധാരണ

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കുന്ന എട്ടാമത് ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയുടെ (GECF) ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സ്വാഭാവിക വാതക മേഖലയിലടക്കമുള്ള ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും യോഗത്തിൽ ധാരണയായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഐ.ആർ.എൻ.എ’ (IRNA) റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനും ദോഹയും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക സഹകരണത്തിന്റെ നിലവിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും വിലയിരുത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച നേതാക്കൾ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക പങ്കാളിത്തവും നയതന്ത്ര സംഭാഷണങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ജി.സി.സി രാജ്യമായ ഖത്തറിന്റെ ഭരണാധികാരിയും ഇറാന്റെ പ്രസിഡന്റും തമ്മിൽ നടത്തിയ ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles