ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രഹ്ലാദ് ദാസാണ് ചൊവ്വാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലായ പ്രതിയെ കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ 17-കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ അയൽവാസിയുടെ വീടിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ പ്രഹ്ലാദ് ദാസിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. തെളിവെടുപ്പിനിടെ സബ് ഇൻസ്പെക്ടറുടെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പോലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

രക്ഷപ്പെടാനായി തൊട്ടടുത്ത കുളത്തിലേക്ക് ചാടിയ പ്രതിക്ക് നേരെ പോലീസും തിരിച്ചടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഹ്ലാദ് ദാസിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേൽക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. മുൻപ് ജൂലൈയിൽ ബാരുഇപൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയും ഇത്തരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles