ജിദ്ദ: സാധാരണക്കാരായ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രവാസിക്ക് 8,101 രൂപയ്ക്കും കുടുംബത്തിന് 13,411 രൂപയ്ക്കും ലഭിച്ചിരുന്ന ഇൻഷുറൻസ് ആനുകൂല്യത്തിനാണ് ഇപ്പോൾ ഭീമമായ തുക വർദ്ധിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വലിയൊരു ആശ്വാസമായിരുന്ന പദ്ധതിയെ ഈ തുക വർദ്ധനവ് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
വിമാന ടിക്കറ്റ് നികുതിയിനത്തിലും മറ്റും പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്ന സർക്കാർ, അവർക്ക് തിരികെ നൽകുന്ന ഏക ആനുകൂല്യം പോലും തട്ടിയെടുക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ യോഗത്തിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ പ്രതിഷേധവും ആവശ്യങ്ങളും ഉൾപ്പെടുത്തി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ഇമെയിൽ അയക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വർദ്ധിപ്പിച്ച പ്രീമിയം തുക ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കുക, നോർക്ക കെയർ പദ്ധതി കൂടുതൽ സുതാര്യവും പ്രവാസി സൗഹൃദവുമാക്കുക, പ്രവാസി ക്ഷേമ പദ്ധതികളെ ലാഭക്കൊതിയോടെ സമീപിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് കെ.എം.സി.സി മുന്നോട്ടുവെച്ചിട്ടുള്ളത്. സ്വന്തമായി നീക്കിയിരിപ്പൊന്നുമില്ലാതെ കുടുംബത്തിനും നാടിനുമായി മരുഭൂമിയിൽ അധ്വാനിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ജനക്ഷേമ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ ഇല്ല്യാസ് കല്ലിങ്ങൽ, കെ.കെ. മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ.പി, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയക്കോട്, മജീദ് കള്ളിയിൽ എന്നിവർ സംസാരിച്ചു.



