ന്യൂഡൽഹി: പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം-6 ൽ വരുത്തിയ ഏകപക്ഷീയമായ ഭേദഗതികളിൽ പൂർണ്ണമായ യൂടേൺ അടിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യവും വിവിധ സംഘടനകളും നിയമവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കമ്മീഷണർ പിന്മാറിയത്. പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) പടിയുടെ ഭാഗമായി ഫോം-6 ൽ ഉൾപ്പെടുത്തിയ വിവാദ വ്യവസ്ഥകളാണ് ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയത്.
പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം-6 ൽ സ്വന്തം നിലയിൽ മാറ്റങ്ങൾ വരുത്തിയ ഗ്യാനേഷ് കുമാർ, അപേക്ഷകന്റെ മാതാപിതാക്കളോ മുത്തശ്ശൻ-മുത്തശ്ശിമാരോ 2000-കളിലെ എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ ചോദ്യത്തിന് ഉത്തരം നൽകാത്തവരെ പുതിയ വോട്ടർമാരായി അപേക്ഷിക്കുന്നതിൽ നിന്ന് സോഫ്റ്റ്വെയർ വഴി വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർലമെന്റ് പാസാക്കിയ 1960-ലെ വോട്ടർ പട്ടിക രജിസ്ട്രേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമായ ഈ നടപടി കടുത്ത നിയമപ്രശ്നങ്ങൾക്ക് കാരണമായി. മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ശക്തമായ വിയോജിപ്പുകളും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വന്നതോടെ ഗ്യാനേഷ് കുമാർ കടുത്ത പ്രതിരോധത്തിലാവുകയായിരുന്നു.
തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ ഉത്തരവിൽ മാറ്റം വരുത്തിയ കമ്മീഷണർ, ഫോം-6 എസ്.ഐ.ആറിന് മുമ്പുണ്ടായിരുന്ന പഴയ സ്ഥിതിയിലേക്ക് പുനഃസ്ഥാപിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പുതിയ സർക്കുലർ അയച്ചു. ഒടുവിലത്തെ ഈ തിരുത്തലോടെ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മൂന്നാമത്തെ യൂടേൺ ആണ് കമ്മീഷണർ അടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വേച്ഛാധിപത്യ നടപടികൾക്കെതിരെയുള്ള ജാതി-രാഷ്ട്രീയ ഭേദമന്യേയുള്ള ശക്തമായ സമ്മർദ്ദത്തിന്റെ വിജയമായാണ് ഈ പിന്മാറ്റം വിലയിരുത്തപ്പെടുന്നത്.



