ഇസ്രായേൽ ആക്രമണങ്ങൾ തടയാൻ യു.എൻ സുരക്ഷാ കൗൺസിൽ ഇടപെടണം; ആവശ്യവുമായി ജി.സി.സി മേധാവി

റിയാദ്: വ്യാഴാഴ്ച ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്സിന് നേരെ നടന്ന ആക്രമണമടക്കം ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നിയമലംഘനങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി ശക്തമായി അപലപിച്ചു.

ആശുപത്രിയിലെ ജീവനക്കാരുടെയും രോഗികളുടെയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ ഫലസ്തീൻ ജനതയുടെ ദുരിതം കൂടുതൽ വർധിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തുടർച്ചയായ ഈ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണങ്ങൾ നിർത്തിവെക്കുന്നതിനും സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് യു.എൻ സുരക്ഷാ കൗൺസിലിനോടും അൽ-ബുദൈവി ആവശ്യപ്പെട്ടു. ഗാസയിലെ ആവശ്യക്കാരിലേക്ക് മാനുഷിക സഹായങ്ങളും മെഡിക്കൽ സാമഗ്രികളും തടസ്സമില്ലാതെ എത്തിക്കണമെന്നും ദുരിതാശ്വാസ ഏജൻസികൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles