വിമാന നിയന്ത്രണ സംവിധാനത്തിൽ സാങ്കേതിക തടസ്സം; യു.എസിൽ 8,000-ത്തിലധികം സർവീസുകൾ മുടങ്ങി

വാഷിങ്ടൺ: വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ സാങ്കേതിക തടസ്സത്തെത്തുടർന്ന് യു.എസിലെ വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ സ്തംഭിച്ചു. രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കുറഞ്ഞത് 8,000-ത്തിലധികം വിമാന സർവീസുകളാണ് തടസ്സപ്പെടുകയോ വൈകുകയോ ചെയ്തത്. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രശ്നം പരിഹരിച്ച് സർവീസുകൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, അല്ലാത്തപക്ഷം ചില വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. യു.എസിലെ എല്ലാ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ഈ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി എക്സിലൂടെ അറിയിച്ചു. 2023 ജനുവരിക്ക് ശേഷമുള്ള ആദ്യത്തേതും, 2001 സെപ്റ്റംബർ 11-ലെ ആക്രമണങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തേതുമായ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പാണ് ഇപ്പോൾ യു.എസിൽ ഉണ്ടായിരിക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ തടസ്സമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഈ ആശയവിനിമയ പരാജയത്തിന് സൈബർ ആക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളുമാണ് കർശന നിയന്ത്രണങ്ങൾക്ക് കാരണമായതെന്ന് എഫ്.എ.എയുടെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം കമാൻഡ് സെന്റർ അറിയിച്ചു. അതെസമയം, ലോകമെമ്പാടുമുള്ള സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് തകരാറുമായി ഇതിന് ബന്ധമില്ലെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക് വെയ്ൻ മൂുള്ളിൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles