അസമിൽ 132 മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ അധികൃതർ പൊളിച്ചുനീക്കി

ഗുഹാവത്തി: അസമിലെ ലഖിംപുർ ജില്ലയിൽ 1983-ലെ കലാപത്തെത്തുടർന്ന് സർക്കാർ പുനരധിവസിപ്പിച്ച 132 ബംഗാളി മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. വെള്ളിയാഴ്ച ബോഗിനദിയിലായിരുന്നു ഒഴിപ്പിക്കൽ നടപടി നടന്നത്. സമീപത്ത് താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വീടുകൾ ഒഴിവാക്കി, മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നുവെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ആരോപിച്ചു.

ലഖിംപുരിലെ കദം റവന്യൂ സർക്കിളിന് കീഴിലുള്ള 622.4 ഏക്കർ മേച്ചിൽപ്പുറത്തിന്റെ ഭാഗമായ 9.9 ഏക്കർ ഭൂമിയിലെ വീടുകളാണ് തകർത്തതെന്ന് റൈജോർ ദൾ നേതാവ് അസീസുർ റഹ്മാൻ പറഞ്ഞു. 1983-ലെ കലാപത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ഇവരെ അസം സർക്കാർ തന്നെയാണ് ഇവിടെ താമസിപ്പിച്ചതെന്നും, റോഡുകളും സ്കൂളുകളും വൈദ്യുതി കണക്ഷനും സർക്കാർ നൽകിയതിനാൽ ഭൂമിയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇവർ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ മേച്ചിൽപ്പുറത്തിന്റെ ഭാഗമായ 595 ഏക്കർ ഭൂമിയിൽ താമസിക്കുന്ന ഹിന്ദു വിഭാഗക്കാരുടെ വീടുകൾ തകർക്കാതെ മുസ്‌ലിം കുടുംബങ്ങളെ മാത്രം ഒഴിപ്പിച്ചത് തികച്ചും പക്ഷപാതപരമാണെന്ന് അസീസുർ റഹ്മാൻ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

- Advertisement -spot_img

Latest Articles