വിദേശ എം.ഡി.എം.എയുമായി ഏഴംഗ ലഹരിസംഘം കണ്ണൂരിൽ പിടിയിൽ; സംഘത്തിൽ യുവതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും

കണ്ണൂർ: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുടെ ഗുണനിലവാരം പരിശോധിക്കാനും വിപണി വില നിശ്ചയിക്കാനുമായി ചാലയിലെ ലോഡ്ജിൽ ഒത്തുകൂടിയ ഏഴംഗ ലഹരിമരുന്ന് സംഘത്തെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 19-കാരിയും ഉൾപ്പെടുന്ന സംഘത്തിൽനിന്ന് 17.96 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കണ്ണൂർ ഇരിവേരി സ്വദേശി സഹീദ്, വൈറ്റില സ്വദേശി ഐശ്വര്യ (19), മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്, ഏഴര സ്വദേശി ഷിഫാദ്, കാടാച്ചിറ സ്വദേശി ഷമീൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം ഒമാനിൽ നിന്നെത്തിയ മുഖ്യപ്രതി സഹീദിന്റെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നിന്റെ നിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനുമായാണ് സംഘം ലോഡ്ജിൽ ഒത്തുകൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാത്രി പൊലീസ് സംഘം ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ ഐശ്വര്യയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ലഹരിമരുന്ന് കടത്തുന്നതിനുള്ള ‘കാരിയർ’മാരായാണ് സംഘം ഉപയോഗിച്ചിരുന്നത്. പിടിയിലായ മറ്റുള്ളവർ വിവിധ കേന്ദ്രങ്ങളിൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്ന വിതരണക്കാരാണെന്നും പൊലീസ് അറിയിച്ചു.

ലോഡ്ജിലെ റെയ്ഡിന് പിന്നാലെ മുഖ്യപ്രതി സഹീദിന്റെ ഇരിവേരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രണ്ട് ഗ്രാമോളം എം.ഡി.എം.എ കൂടി കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസും ഉപയോഗിക്കാനുള്ള ഗ്ലാസ് കുഴലുകളും പൊലീസ് പിടിച്ചെടുത്തു.

Related Articles

- Advertisement -spot_img

Latest Articles