ഇസ്താംബുൾ/ദോഹ: തുർക്കിയുമായി സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തത്തെ’ പ്രശംസിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഖത്തറും തുർക്കിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിവിധ മേഖലകളിൽ തുടർന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ഇസ്താംബുളിലെ ഡോൾമാബാഷെ കൊട്ടാരത്തിൽ നടന്ന ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ പന്ത്രണ്ടാമത് യോഗത്തോടനുബന്ധിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ചർച്ചയിൽ, ഇതുവരെ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും വരും കാലയളവിലേക്കുള്ള സംയുക്ത പ്രവർത്തനങ്ങളുടെ മുൻഗണനകൾ നിശ്ചയിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുത്തതായി ഷെയ്ഖ് തമീം വ്യക്തമാക്കി.
സമാധാനം, അനുരഞ്ജനം, സംഘർഷ പരിഹാരം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം ഉൾപ്പെടെ നിരവധി സുപ്രധാന കരാറുകളിൽ ഇരു സർക്കാരുകളും ഒപ്പുവെച്ചതായി അമീരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇതിനുപുറമെ വ്യാപാരം, ഉപഭോക്തൃ സംരക്ഷണം, വിദ്യാഭ്യാസം, നയതന്ത്രം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. പുതിയ പ്രതിരോധ കരാർ രാജ്യങ്ങൾക്കിടയിലെ സുരക്ഷയ്ക്ക് പുതിയൊരു തലം നൽകുമെന്നും നിലവിലുള്ള സഹകരണം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുമെന്നും ഖത്തർ യൂണിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര കാര്യ അസിസ്റ്റന്റ് പ്രൊഫസർ അബ്ദുല്ല ബന്ദർ അൽ-ഏതായിബി അൽ ജസീറയോട് പ്രതികരിച്ചു.
സുരക്ഷാ കാര്യങ്ങളിൽ മാത്രമല്ല, കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും ഇരു രാജ്യങ്ങളും പങ്കിടുന്ന കാഴ്ചപ്പാടുകൾക്ക് ഈ കരാർ കരുത്തുപകരുന്നുവെന്ന് അൽ-ഏതായിബി ചൂണ്ടിക്കാട്ടി. മേഖലയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഈ വർഷത്തിൽ ആകാശത്ത് ഡ്രോണുകളും പ്രൊജക്ടൈലുകളും കാണേണ്ടി വന്ന സാഹചര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വലിയ സംഘർഷങ്ങൾ വരാനിരിക്കുന്നു എന്നല്ല ഈ കരാർ അർത്ഥമാക്കുന്നതെന്നും, എന്നാൽ സാഹചര്യങ്ങൾ കണ്ട് കൈകെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടുതൽ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കാനും നയതന്ത്രപരമായ നീക്കങ്ങൾക്ക് പ്രാധാന്യം നൽകാനുമാണ് ഖത്തറും തുർക്കിയും ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, അതേസമയം സംയുക്ത സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടായാൽ നേരിടാൻ ഇരുരാജ്യങ്ങളും പൂർണ്ണ സജ്ജമാണെന്നും അൽ-ഏതായിബി കൂട്ടിച്ചേർത്തു.



