കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് പൂർണ്ണ അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ രാത്രി വൈകിയുള്ള ഡി.ജെ പാർട്ടികൾ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ്, സിംഗിൾ ബെഞ്ച് വിധി പൊലീസിന്റെ നിയമപാലന പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് വ്യക്തമാക്കിയത്. കേസിന്റെ വിശദമായ വാദം കേൾക്കുന്നതിനായി കോടതി അപ്പീൽ ഈ മാസം 16-ലേക്ക് മാറ്റി. എറണാകുളം കടവന്ത്രയിലുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ നൽകിയ ഹർജിയിലായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നിരുന്നത്.
എക്സൈസ് വകുപ്പ് ബാറുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടും രാത്രി നേരത്തെ അടയ്ക്കാൻ പൊലീസ് ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയിരുന്നത്. രാത്രി വൈകിയുള്ള ഡി.ജെ പാർട്ടികളും ചെറുപ്പക്കാരുടെ ഒത്തുചേരലുകളും ലഹരി ഉപയോഗത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇതിനെതിരെ വിലക്കേർപ്പെടുത്തിയിരുന്നതും നോട്ടിസ് നൽകിയിരുന്നതും. ഈ പൊലീസ് ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.



