നെഹ്റു സ്മരണയിൽ കുട്ടികളുടെ ജനാധിപത്യോത്സവം; ദമ്മാം ഒ ഐ സി സി ശിശുദിനാഘോഷം ശ്രദ്ധേയമായി

ദമ്മാം: കുട്ടികളുടെ സർഗാത്മക കഴിവുകളും നേതൃത്വപാടവവും ജനാധിപത്യബോധവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒ ഐ സി സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടനാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തമുണ്ടായി.

ശിശുദിനാഘോഷത്തിലെ പ്രധാന ആകർഷണം കുട്ടികൾ അണിയിച്ചൊരുക്കിയ മോക് പാർലമെന്റായിരുന്നു. പാർലമെന്റിന്റെ പ്രവർത്തനരീതികളും ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും പരിചയപ്പെടുത്തുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വിവിധ പാർലമെന്ററി ചുമതലകൾ ഏറ്റെടുത്തു.

ലിഡിയ മേരി ലോവ്സൺ സ്പീക്കറായും കയാൻ അഭിഷേക് പാർലമെന്റ് സെക്രട്ടറിയായും അയാൻ ഷിഹാബ് പ്രധാനമന്ത്രിയായും ചുമതലകൾ നിർവഹിച്ചു. പാർത്ഥസാരഥി (വിദ്യാഭ്യാസം), അലി സജൂബ് (ധനകാര്യം), അദിതി വിവേക് (കൃഷി), അഫ്നാൻ നവാസ് (വിദേശകാര്യം), അഫ്റ അനസ് (ശാസ്ത്ര-സാങ്കേതികം) എന്നിവർ മന്ത്രിമാരായി. അർജുൻ ബിനൂപ് പ്രതിപക്ഷ നേതാവായി.

ഭരണപക്ഷ എം.പിമാരായി ഹംദ നവാസ്, മരിയ അന്ന ലോവ്സൺ, ജിസ്സ മരിയ ജോൺ എന്നിവരും പ്രതിപക്ഷ എം.പിമാരായി അഫ്രിൻ നവാസ്, ആദം ഷിഹാബ്, ആലം അലി ബിൻ സയ്യിദ് എന്നിവരും പങ്കെടുത്തു. പാർലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങൾ നേരിട്ട് മനസ്സിലാക്കാനും നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാനും കുട്ടികൾക്ക് മോക് പാർലമെന്റ് അവസരമൊരുക്കി. ഡോ. സിന്ധു ബിനുവിന്റെയും അൻവർ വണ്ടൂരിന്റെയും നേതൃത്വത്തിലായിരുന്നു മോക് പാർലമെന്റിന്റെ സംഘാടനം.

നെഹ്റുവിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകളേന്തി വെള്ള വസ്ത്രം ധരിച്ച കുട്ടികൾ അണിനിരന്ന ശിശുദിന റാലി പ്രത്യേക ശ്രദ്ധയാകർഷിച്ചു. കുട്ടികളോടുള്ള നെഹ്റുവിന്റെ സ്നേഹവും കരുതലും ശിശുദിനത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ച റാലിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പ്രമോദ് പൂപ്പാലയുടെയും രാധികാ ശ്യാംപ്രകാശിന്റെയും നേതൃത്വത്തിലായിരുന്നു റാലിയുടെ സംഘാടനം.

സ്വാതന്ത്ര്യസമര സേനാനികളുടെ വേഷവിധാനങ്ങളും അവരെ പ്രതിനിധീകരിച്ചുള്ള സംഭാഷണാവതരണങ്ങളും ഉൾപ്പെടുത്തിയ ഫാൻസി ഡ്രസ്സ് മത്സരവും ശ്രദ്ധേയമായി. ആസിഫ് താനൂരിന്റെയും ഹുസ്ന ആസിഫിന്റെയും നേതൃത്വത്തിലായിരുന്നു മത്സരത്തിന്റെ സംഘാടനം.

നാല് മുതൽ എട്ട് വയസ്സുവരെയുള്ള വിഭാഗത്തിൽ സിയ ഷമിം ഒന്നാം സ്ഥാനവും നൗറിൻ നിസിയ നഹാസ് രണ്ടാം സ്ഥാനവും നൈറ സുഫിൽ മൂന്നാം സ്ഥാനവും നേടി. ഒൻപത് മുതൽ പതിമൂന്ന് വയസ്സുവരെയുള്ള വിഭാഗത്തിൽ ഏരിയൻ സുഫിൽ ഒന്നാം സ്ഥാനവും അർജുൻ രണ്ടാം സ്ഥാനവും റിധന്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഒ ഐ സി സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇ.കെ. സലീമിന്റെ അധ്യക്ഷതയിൽ ഒ ഐ സി സി സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കുട്ടികളോടുള്ള സ്നേഹവും കരുതലും ശിശുദിനത്തിന്റെ ചരിത്രപ്രാധാന്യവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും സ്വതന്ത്രമായി ചിന്തിക്കാനും വളരാനുമുള്ള സാഹചര്യവും ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ മനോഭാവം, ജനാധിപത്യ മൂല്യങ്ങൾ, മതേതര കാഴ്ചപ്പാട് എന്നിവ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

ഡോ. സിന്ധു ബിനു, ജോൺ കോശി, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, അൻവർ വണ്ടൂർ, ആസിഫ് താനൂർ, രാധികാ ശ്യാംപ്രകാശ്, ഹുസ്ന ആസിഫ് എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ പ്രതിനിധികളായ ലിഡിയ മേരി ലോവ്സൺ, അയാൻ ഷിഹാബ്, അഫ്റ അനസ്, ഹംദ നവാസ് എന്നിവരും സംസാരിച്ചു.

ഒ ഐ സി സി ഈസ്റ്റേൺ പ്രൊവിൻസ് സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

കുട്ടികൾക്കായി വിവിധ വിനോദ-കായിക മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. ലിബി ജയിംസിന്റെയും ശരണ്യ സുഫിലിന്റെയും നേതൃത്വത്തിലായിരുന്നു ഗെയിംസ് ക്രമീകരണങ്ങൾ. കുട്ടികൾ മാത്രം പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി. പ്രൊവിൻസ് വൈസ് പ്രസിഡൻ്റ് നൗഷാദ് തഴവ പരിപാടിയുടെ അവതാരകൻ ആയിരുന്നു.

ഒ ഐ സി സി പ്രൊവിൻസ്, ജില്ലാ, ഏരിയ, വനിതാവേദി തലങ്ങളിലെ നേതാക്കളും ഭാരവാഹികളും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം നെഹ്റുവിന്റെ ഓർമ്മകളും ജനാധിപത്യ മൂല്യങ്ങളും നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്വവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ആഘോഷമായി ശിശുദിന പരിപാടി മാറി.

Related Articles

- Advertisement -spot_img

Latest Articles