തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം തിരിച്ചുവരവിന് വഴിതേടുന്നതിനിടെ സി.പി.എമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിക്ക് രേഖാമൂലം പരാതി നൽകിയതോടെ, ഇവ അന്വേഷിക്കാൻ സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ശനിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
വൈദേകം റിസോർട്ട് വിവാദത്തിലടക്കം അന്വേഷണം വേണമെന്ന് പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവർത്തിച്ച് ആവശ്യപ്പെടുകയും പരാതി എഴുതി നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇ.പി. ജയരാജൻ പ്രത്യാക്രമണവുമായി രംഗത്തെത്തിയത്. 2022-ലും പിന്നീട് 2025-ലും സംസ്ഥാന കമ്മിറ്റിയിൽ ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ഇതേ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ, ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചാണ് ഭാര്യയും മകനും റിസോർട്ടിന്റെ ഭാഗമായതെന്നും വിവാദമുയർന്നതോടെ പിന്മാറിയെന്നുമായിരുന്നു അന്ന് ഇ.പി. ജയരാജൻ നൽകിയ വിശദീകരണം. ശനിയാഴ്ചത്തെ യോഗത്തിൽ തൻ്റെ പരാതിയിലുള്ള അന്വേഷണം എന്തായെന്ന് പി. ജയരാജൻ വീണ്ടും ചോദിച്ചതോടെയാണ് സാഹചര്യങ്ങൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.
പി. ജയരാജനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇ.പി. ജയരാജൻ രേഖാമൂലം പാർട്ടിക്ക് കൈമാറിയിരിക്കുന്നത്. ഇടുക്കിയിലെ ഒരു റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും ദുബായിൽ ചേർന്ന റിസോർട്ടിന്റെ ബോർഡ് യോഗത്തിൽ പി. ജയരാജനായിരുന്നു അധ്യക്ഷനെന്നും പരാതിയിൽ പറയുന്നു. കൂടാതെ, പി. ശശിക്കെതിരെ ഉയർന്ന പരാതികൾക്ക് പിന്നിലും, നവമാധ്യമങ്ങൾ വഴി പാർട്ടി നേതാക്കളെ ആക്ഷേപിക്കുന്നതിനും കോടിയേരി ബാലകൃഷ്ണനെതിരെ നടന്ന അപവാദ പ്രചാരണങ്ങൾക്കും പിന്നിൽ പി. ജയരാജനാണെന്നും ഇ.പി. ആരോപിക്കുന്നു.
പിണറായി വിജയനും മകൾക്കുമെതിരെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ ഇരുവർക്കുമെതിരെ തെളിവ് ശേഖരിക്കാൻ പി. ജയരാജൻ ശ്രമിച്ചതായും പരാതിയിലുണ്ട്. ഇതിനുപുറമെ, വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായും പി. ജയരാജന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും ഇ.പി. ജയരാജൻ തൻ്റെ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇരു നേതാക്കളും ഉന്നയിച്ച പരാതികൾ ഗൗരവകരമായ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം അന്വേഷണത്തിന് തീരുമാനമെടുത്തത്.



