തിരുവനന്തപുരം: വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട 1592 പേരെ ഇതുവരെ രക്ഷപെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക ഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപത്തുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 1386 പേരെ രക്ഷാപ്രവർത്തനത്തിൽ രക്ഷിക്കാനായി. അതില്‍ 528 പുരുഷന്മാര്, 559 സത്രീകള്‍, 229 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്കായി മാറ്റി. നിലവില്‍ 90 പേരാണ് ആശുപത്രിയില്ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ 82 ക്യാമ്പുകളിലായി 8017 പേരുണ്ട്. ഇതില്‍ 19 പേര് ഗര്‍ഭിണികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും വേദനാജനകമായ കാഴ്ചയാണ് വയനാടിലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് പ്രദേശങ്ങൾ പൂര്‍ണമായി ഇല്ലാതായി. ഇതുവരെ 142 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതില്‍ 79 പുരുഷന്മാരും 64 സ്ത്രീകളുമാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 191 പേരെ കാണാതായിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് 132 സേനാ അംഗങ്ങളെ കൂടി വയനാടിലേക്കെത്തിച്ചിട്ടുണ്ട്. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം ഇതിനായി തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തമേഖലയില്‍നിന്നും പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



