തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് കേരളം വിശദമായ കത്ത് പ്രധാനമന്ത്രിക്ക് നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ അനുകൂല നിലപാടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം അനുകൂല ഘടകമാണ്. ദുരിതബാധിതർക്ക് സമഗ്ര പുനരധിവാസം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാണാതായവർക്ക് വേണ്ടിയുള്ള അവസാനിപ്പിച്ചിട്ടില്ല. ജനകീയ തെരച്ചിൽ വെള്ളിയാഴ്ച നടത്തും. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് ഇനിയും സാധന സാമഗ്രികൾ ശേഖരിച്ചയക്കേണ്ടതില്ല. ഏഴ് ടണ്‍ പഴകിയ തുണി കളക്ഷൻ സെന്ററിൽ സംസ്കരിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ദൗത്യനിർവഹണത്തിന്നു ശേഷം മടങ്ങിയ സൈന്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കാര്യക്ഷമമായ തെരച്ചിലിനുശേഷമാണ് സൈന്യം മടങ്ങിയത്. ബെയ്ലി പാലമടക്കം സൈന്യം നിർണായക ഇടപെടലുകളാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിയും ആവശ്യപ്പെട്ടിരുന്നു.



