റിയാദ്: വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിൽക്കുന്ന വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധനസമാഹരണം നടത്തി റിയാദിലെ അലിഫ് സ്‌കൂൾ വിദ്യാർഥികൾ. അന്താരാഷ്ട്ര ചാരിറ്റി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ സമാഹരിച്ച സ്നേഹനിധി, ഫലപ്രദമായ വിദ്യാഭ്യാസം വിദൂര സ്വപ്നമായ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കൈമാറും. സ്‌കൂളിൽ നടന്ന ചാരിറ്റിദിന സംഗമം പ്രിൻസിപ്പൽ മുഹമ്മദ് മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
തൊഴിൽപരമായ പ്രശ്നങ്ങളാലും സാമ്പത്തികമായ പിന്നോക്കാവസ്ഥയായാലും ദുരിതമനുഭവിക്കുന്ന റിയാദിലെ ലേബർ ക്യാമ്പുകളിലായിരുന്നു കഴിഞ്ഞവർഷം വിദ്യാർഥികൾ സഹായമെത്തിച്ചിരുന്നത്. ചാരിറ്റി ദിനത്തോടനുബന്ധിച്ച് സ്വരൂപിച്ച വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ നിരാലംബരായ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിവിവിധ രാജ്യക്കാരായ നൂറിൽപരം ആളുകളാണ് ഇതിൽ പങ്കാളികളായത്.
സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികളെ സഹായിക്കുകയാണ് ഈ വർഷത്തെ ചാരിറ്റി ദിന ത്തിൽ അലിഫ് വിദ്യാർഥികൾ. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ അലിഫ് ക്യാമ്പസിൽ ‘അലിഫിയൻസ് ചാരിറ്റി ബോക്‌സ് ‘ സംവിധാനിച്ചു..
അലിഫ് ക്യാമ്പസിൽ നടന്ന ജനറൽ അസംബ്ലിയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നോവനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് പ്രധാനാധ്യാപിക ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.



